Friday, 22 September 2017

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും


വായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. ഇങ്ങനെ ഒരു ദിനം വായിക്കാന്‍ മാത്രമായി വേണോ എന്നതാണ് എന്റെ ചിന്ത. മറക്കാതിരിക്കാനായി ഒരു വായനാ ദിനം എന്നു വേണമെങ്കില്‍ പറയാം. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓര്‍മ്മയില്ല. ആരാണ് വായിക്കാന്‍ പഠിപ്പിച്ചതെന്നും ഓര്‍മ്മയില്ല. എങ്കിലും വായനാ ദിനത്തില്‍ ഓര്‍ക്കാന്‍ പലതുമുണ്ട്.
കുമാരനാശാന്‍, വള്ളത്തോള്‍, ബഷീര്‍, ഒ.എന്‍.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തില്‍ വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.
വായിച്ചാലേ വളരൂ എന്നുണ്ടോ..? വായന ഇഷ്ടമില്ലാത്ത ചിലര്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം. വായിക്ക്, വായിക്ക് എന്ന് അലമുറയിടുന്ന അമ്മയും അച്ഛനും, സ്‌കൂളില്‍ ചെന്നാല്‍ അധ്യാപകരുടെ ശാസന, എന്നാല്‍ അവരൊക്കെ പറയുന്നത് പാഠപുസ്തകം തുറന്ന് വായിക്കാനാണ്, പിന്നെങ്ങനെ പുസ്തകം തുറക്കാന്‍ തോന്നും എന്നാണ് ചില കുസൃതിക്കുട്ടന്‍ന്മാര്‍ പറയുന്നത്. പാഠപുസ്തകത്തില്‍ നിന്നും ഒരുപാട് ദൂരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നിരന്തര വായനയിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനാകൂ. അതിന് കുട്ടിക്കാലം മുതലേ വായന ഒരു ശീലമാക്കുക തന്നെ വേണം. കയ്യില്‍ കിട്ടുന്നതെന്തും വായിക്കാനുള്ള ഒരു മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണം. വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റര്‍നെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കില്‍, ഓണ്‍ലൈന്‍ വായന പരന്നതെന്ന് പറയാം. ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വായന തീര്‍ച്ചയായും കൗതുകമുള്ളതു തന്നെ. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ-മെയിലുകളും,ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളില്‍ തുടങ്ങി പേപ്പര്‍ വഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതിക വിദ്യ വായനയെ ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച് ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്‌കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്‌കൂളിലെത്തുമ്പോള്‍ നിങ്ങള്‍ക്കായി സ്‌കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം.











വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.

വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്‍ഷ്യമിട്ടാണ് പരിപാടി.

പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.

കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ഈ അക്ഷരങ്ങളില്‍കൂടിയും പുസ്തകങ്ങളുടെ ഓര്‍മ്മ പുതുക്കുന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാകാം. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.

ലോക ക്ളാസിക്കുകള്‍ക്ക് ഇന്‍റര്‍നെറ്റ് രൂപങ്ങള്‍ വരുമ്പോഴും കൃതികള്‍ ഇന്‍റര്‍നെറ്റിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുമ്പോഴും എന്തിനെന്നറിയാതെ പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം ആഗ്രഹിക്കുന്നുണ്ടാവാം. അച്ചടിച്ച അക്ഷരങ്ങളുടെ വിശ്വാസ്യതയും പാരമ്പര്യവും തറവാടിത്തവും അങ്ങനെ അല്ലാത്ത അക്ഷരങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഇതു വരെ സാധിക്കാത്തതിനാലാകാം അത്.
WD
WD



വായനാദിനമായ 19ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും രാവിലെ പ്രത്യേക അസംബ്ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്ത് വായിച്ചുവളരുക പ്രതിജ്ഞയെടുക്കും. അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന ഗുരുവന്ദനം പരിപാടി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും സംഘടിപ്പിക്കും.

പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്‍പം വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും, വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്‍വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.